കാരാഗ്രഹത്തിലെ വിഷു

കുറച്ചു ദിവസങ്ങളായി അവന്റെ ഉറക്കം ശെരിയാവുന്നില്ല. ഉറക്കത്തിന്റെ ഏതോ ഒരു കോണിൽ എന്തോ ഒന്ന് അവനെ തട്ടിയുണർത്തികൊണ്ടിരുന്നു. മഞ്ഞ നിറമുള്ള എന്തോ ഒന്ന്. അത്തരമൊരു രാത്രിയായിരുന്നന്നും. പതിവ് പോലെ ആ മഞ്ഞ നിറം അന്നും അവന്റെ ഉറക്കം കെടുത്തി.

ബാല്യം – സമയവും ആരോഗ്യവുമുണ്ട് എന്നാൽ പണവും സ്വാതന്ത്ര്യവുമില്ല.
കൗമാരം – ആരോഗ്യവും പണവും സ്വാതന്ത്ര്യവുമുണ്ട് എന്നാൽ സമയം എന്നൊന്ന് അവകാശപ്പെടാനില്ല.
വാർദ്ധക്യം – പണവും സമയവും ആവശ്യത്തിനുണ്ട്, എന്നാൽ സ്വാതന്ത്ര്യവും ആരോഗ്യവും കൈവശമില്ല.
ഏതോ പുസ്തകത്താളുകളിലെ ഈ വാക്കുകൾ അവന്റെ ഓർമയിലെത്തി. പണ്ട് ആരോ ഒരെഴുത്തുകാരൻ എഴുതിയ നാല് വരി കവിത അവനോർമ വന്നു. തെരുവിലെ നായ വീട്ടിലെ കൂട്ടിൽ കിടക്കുന്ന നായയോട് സമയാസമയത്തെ ഭക്ഷണവും ഭദ്രതയുമാണോ അതോ തെരുവിലെ സ്വാതന്ത്ര്യത്തിനാണോ കൂടുതൽ മുൻ‌തൂക്കം എന്ന വാക്തർക്കമാണ് വിഷയം.

കഴിഞ്ഞ കുറേ ദിവസങ്ങളായി സമയം ആവശ്യത്തിലധികമുണ്ട്. സമയത്തിന് വേണ്ടി പരക്കം പായുന്ന ഈ ലോകത്തിൽ ഇത്തരമൊരു വാക്യം പ്രയോഗിക്കുന്നത് ധാരാളിത്തമാണ്, എന്നിരുന്നാലും പറയാതെ വയ്യ. എന്നാൽ സമയമുണ്ടായിരുന്നു ആവശ്യത്തിലധികം, അത് പക്ഷെ വർഷങ്ങൾക്കു മുമ്പായിരുന്നു. നിഷ്കളങ്കമായ ബാല്യകാലം.

ബാല്യകാലത്തെക്കുറിച്ചോർത്തപ്പോൾ ചില സന്ദർഭങ്ങൾ അവന്റെ മനസ്സിൽ ഓടിയെത്തി. വീടിന്റെ മുറ്റത്തെ പേര മരത്തിൽ ഉടുതുണിയില്ലാതെ തൂങ്ങികിടന്നതും, ചുമപ്പും വെള്ളയും ചാമ്പക്കകൾ പറിച്ചു തിന്നുന്നതും, റബ്ബർ കുരുക്കൾ കല്ലിലുരച്ചു ചൂട് വച്ചു കളിച്ചതും, അപകടമെന്തെന്നറിയാതെ ചാരപ്പാമ്പുകളെ ഈർക്കിലും തൂക്കി വിരട്ടിയോടിച്ചതും, വാരാന്ധ്യങ്ങളിൽ മതപാഠശാലയിൽ പോകുന്ന വഴി കഴിക്കുന്ന ശീമപുളിഞ്ചിയും, അച്ഛൻ വാങ്ങിത്തരുന്ന തേനുമിഠായിയുമൊക്കെ അവന്റെ ഓർമയിലോടിയെത്തി. വൈകുന്നേരങ്ങളിൽ വീടിന്റെ ഉമ്മറത്തിരുന്നു അച്ഛനെ കാത്തിരിക്കുമ്പോൾ ദൂരെ അച്ഛന്റെ ബൈക്കിന്റെ ഹെഡ്‍ലൈട് വെളിച്ചം കാണും. ഒരു പക്ഷെ ആ മഞ്ഞ വെളിച്ചമാണോ അവന്റെ ഉറക്കം കെടുത്തുന്നത്, ആയിരിക്കാം. ആണ് എന്ന് ഉറച്ചു പറയാൻ കഴിയുന്നില്ല.

ബെഡ്റൂമിലെ ജനാലക്കരികിൽ ഒരു കസേര എടുത്തിട്ടിരുന്നു അവൻ വീണ്ടും ചിന്തകളിലേക്ക് മുഴുകി. ഇടയ്ക്കിടയ്ക്ക് ഏതോ സ്വപ്നത്തിലെന്നോളം ചിരിക്കുന്ന അവന്റെ മൂന്ന് വയസുള്ള മകന്റെ മുഖം അവൻ ഉറ്റു നോക്കി. ഇന്നവൻ സ്വസ്ഥനാണ്, നിഷ്കളങ്കനാണ്. ജീവിതത്തിന്റെ യാഥാർഥ്യങ്ങൾ അവനെ അലട്ടുന്നില്ല. അല്ലെങ്കിലെന്താണ് ജീവിതത്തിന്റെയീ യാഥാർഥ്യങ്ങൾ. ഒരു പക്ഷെ അവന്റെയീ നിഷ്കളങ്കത്വമല്ലേ യാഥാർഥ്യം. ഈ പരക്കംപാച്ചിലിൽ ഓരോ മനുഷ്യന്റെയും ലക്ഷ്യം നിഷ്കളങ്കമായ ഈ ഉറക്കം തന്നെയല്ലേ.

കൗമാരത്തിന്റെ ദിനങ്ങളിൽ മനസിന്റെ ഏതോ കോണിൽ കയറിപ്പറ്റിയ മഞ്ഞ തേച്ച ഒരു മുഖവും, കരിയെഴുതിയ കണ്ണുകളും അവനോർമ വന്നു. ഒരിക്കലുമോർക്കരുതെന്നു മനസിനെ പറഞ്ഞു പഠിപ്പിച്ച ആ ഓർമകളിലെ മഞ്ഞ നിറം അവനെ വീണ്ടും ചിന്തയിലാഴ്ത്തി. ആ മഞ്ഞയാണോ അവന്റെ ഉറക്കം കെടുത്തുന്നത്? ആവാൻ വഴിയില്ല. മഞ്ഞ നിറത്തിന്റെ ഉറവിടം ഇനിയുമകലെയാണ്.

അവന്റെ ചേട്ടൻ സമ്മാനിച്ച വാച്ചിൽ പന്ത്രണ്ടു മണിക്കുള്ള ചെറിയ ശബ്‌ദമുണർന്നു. അതവന്റെ ചിന്തകളെ വീണ്ടും വർത്തമാനകാലത്തെത്തിച്ചു. ഒരു ദിവസം കൂടി അവനെ വിട്ടകലുന്നു. ലോകമിന്ന് വിഷാദത്തിന്റെ ദിനങ്ങളെണ്ണുകയാണ്. ചൈനയിൽ ഉടലെടുത്ത കൊറോണ എന്ന വൈറസ് ഒരു മാസത്തിനുള്ളിൽ ലോകമെന്പാടും പരന്നിരിക്കുകയാണ്. ലക്ഷക്കണക്കിനാളുകൾ രോഗബാധിതരും ആയിരങ്ങൾ മരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. രോഗത്തിൽ നിന്നുമുള്ള ഏക രക്ഷാമാർഗം വീട്ടിൽ തന്നെ ഇരിക്കുക എന്നതാണ്. അടുത്ത തലമുറയ്ക്ക് നാം നൽകുന്ന ഈ ലോകത്തെക്കുറിച്ചാലോചിച്ചു ലജ്ജിതനാവാതെ വയ്യ. പ്രളയവും, രോഗവും, ദുരിതവും നിറഞ്ഞ ഒരു നാളെയെ നമ്മുടെ മക്കൾക്ക്‌ വില്പത്രമെഴുതിയാണ് നാം ഇഹം വെടിയുന്നതെന്ന ചിന്ത അവനെ കൂടുതൽ അസ്വസ്ഥനാക്കി. ഇരുപത്തിയൊന്ന് ദിവസമായി ലോകം മുഴുവൻ വീടിനുള്ളിലാണ്. സംസ്ഥാനത്തും, രാജ്യത്തുമൊക്കെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അത്യാവശ്യ സാധനങ്ങൾ വാങ്ങാനല്ലാതെ ആർക്കും പുറത്തേക്കിറങ്ങുവാൻ അനുവാദമില്ല.

വീണ്ടുമവന്റെ ചിന്തയിൽ ആ മഞ്ഞ നിറം നിറഞ്ഞു. അവൻ ആ നിറത്തിന്റെ ഉറവിടം തേടി സ്വമനസിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങി.

തെളിഞ്ഞ ആകാശവും, ശുദ്ധമായ വായുവും, ചിരിക്കുന്ന മുഖങ്ങളുമുള്ള ഒരു പ്രഭാതം അവന്റെ മുന്നിൽ തെളിഞ്ഞു. വർഷങ്ങൾക്കു മുമ്പുള്ള ഒരു പ്രഭാതം. അമ്മയുടെ അനുജത്തിയുടെ വീട്ടിൽ അവരെല്ലാം ഒത്തുകൂടി. പറമ്പിലെ മാവിൽ കല്ലെറിഞ്ഞു പച്ചമാങ്ങ പറിച്ചു കല്ലിൽ ചതച്ചു ഉപ്പും മുളകുപൊടിയും ചേർത്ത് കഴിച്ചും, ചുമപ്പും മഞ്ഞയും നിറത്തിലുള്ള പഴുത്ത കശുമാങ്ങകൾ പറിച്ചു കഴിച്ചും, അതിന്റെ അണ്ടി ചുട്ടു കഴിച്ചും, കൊഴിഞ്ഞു കിടക്കുന്ന ബദാം കായ്കൾ തല്ലി പരുപ്പ്എടുത്തു രുചിച്ചും നടന്ന ഓർമകൾ അവനെ പിടിച്ചുലച്ചു. അതൊരു വിഷുദിനമായിരുന്നു. ഉറക്കമുണർന്നയുടൻ കണ്ണുകൾ മൂടി പൂജാറൂമിൽ ചെന്ന് വിഷുക്കണി കാണുന്നതും, മുതിർന്നവരെ ഓടിതേടിപിടിച്ചു വിഷുകൈനീട്ടം വാങ്ങുന്നതും അവനോർത്തു.

പെട്ടെന്നാണവൻ അത് ശ്രെദ്ധിച്ചതു. വിഷുവിന്റെയീ ഓർമകൾക്കിടയിൽ ഒരു മഞ്ഞ നിറം രാവിലെ വിഷുക്കണിയിൽ നിന്നുമവനെ എത്തി നോക്കിയിരുന്നു. ഇളം മഞ്ഞ നിറമുള്ളയാ കൊന്നപ്പൂക്കളാണവനെയിന്നു അസ്വസ്ഥനാക്കുന്നതു, അവന്റെ ഉറക്കം കെടുത്തുന്നത്. എന്തെന്നാൽ ഓർമകളിലെ ആ വിഷു ഇന്നവന് മണ്മറഞ്ഞു പോയി. ഇന്നവന്റെ ജീവിതത്തിലെ വിഷു വർഷാവർഷമുള്ള ഒരു അഡ്ജസ്റ്മെന്റ് മാത്രമാണ്. വലിയ ആ നഗരത്തിലേക്ക് ജീവിതയാത്രയിലെപ്പോഴോ കുടിയേറിപ്പാർത്തപ്പോൾ അവനറിഞ്ഞിരുന്നില്ല, പുതുമഴയിലെ മണ്ണിന്റെ സുഗന്ധത്തിനോടവൻ വിട പറയുകയാണെന്ന്. അത് കഴിഞ്ഞുള്ള അവന്റെ വിഷുക്കാലമൊക്കെയും കാശു കൊടുത്തു കിട്ടുന്ന പൂക്കളും പഴങ്ങളും ഒത്തുചേർത്തു വച്ചു സ്വയം പറ്റിക്കുന്ന ഒരു നാടകം മാത്രമായി മാറിക്കഴിഞ്ഞിരുന്നു.

എന്നാലീ വർഷം ആ സ്വയം വിശ്വസിപ്പിക്കൽ നടക്കുമോ എന്നവനറിയില്ല. വീടിനുള്ളിൽ അടഞ്ഞിരുന്നെന്ത്‌ ആഘോഷം? കണിക്കൊന്നയും, വിഷുക്കണിയും, വിഷുകൈനീട്ടവുമൊക്കെകൂടിയുള്ള ഒരു വിഷുക്കാലം അവന്റെ മകന് സമ്മാനിക്കാൻ അവൻ കൊതിച്ചു. ഇനിയതും ആമസോണിൽ നിന്നും ഓർഡർ ചെയ്തു വരുത്തുവാൻ പറ്റുമോ ആവോ? ആ മഞ്ഞ നിറത്തിന്റെ സൗന്ദര്യം അവന്റെ മകനവനെങ്ങനെ സമ്മാനിക്കും? വീണ്ടുമൊരു വിഷുക്കാലം കൂടിയാ ജീവിതത്തിൽ നിന്നും കടന്നു പോവുകയാണ്. മാധുര്യവും, മനോഹാരിതയും, നിറങ്ങളുമൊന്നുമില്ലാത്ത ഒരു കാരാഗ്രഹത്തിലെ വിഷു.



Leave a Reply