ഓർമ

ഒരു മനുഷ്യമനസ്സിന്റെ, നിലനില്പിന്റെ, സമുദായസ്ഥാനത്തിന്റെ, മുന്നേറ്റത്തിന്റെ, അധപധനത്തിന്റെ, അങ്ങനെ എല്ലാറ്റിന്റെയും ശക്തമായ ഒരു ഘടകമാണ് ഓർമ. കഴിഞ്ഞു പോയ കാലത്തിന്റെ, സുഖദുഃഖമിടകലർന്ന, ആരാലും മായ്ക്കപ്പെടാനാവാത്ത ഏടുകളാണവ. എല്ലാം പോയിത്തുലയട്ടേ! ഞാനിതെല്ലാം ഇവിടെന്തിന് പറയുന്നുവെന്നല്ലേ? കാരണമുണ്ട്. എന്തെന്നാൽ ഞാനിവിടെ പറയുന്നത് ഓർമയുടെ പൊടിപിടിച്ച താളുകളിൽ നിന്നുമെടുത്തതാണ്. കേൾക്കുമ്പോൾ അവിശ്വസനീയമാണ് എന്ന് തോന്നുമെങ്കിലും ഇന്നീ നിമിഷം വരെ ഞാൻ സത്യമെന്നു വിശ്വസിക്കുന്ന ഒരു കാര്യമാണിത്.

അന്ന് ഞാൻ LKG-യിലോ UKG-യിലോ മറ്റോ പഠിക്കുകയായിരുന്നിരിക്കണം. ഇരുപത്തിയഞ്ചു വർഷങ്ങൾക്കിപ്പുറം ഇന്നാ ഓർമ്മകൾ ചികഞ്ഞെടുക്കാൻ എന്താണ് കാരണം എന്ന് ചോദിച്ചാൽ ഒരുത്തരം ഉടനേ കിട്ടുകയില്ല. ചിലപ്പോൾ അന്ന് നടന്ന ചില സംഭവങ്ങളെ ആസ്പദമാക്കിയ ആരെയെങ്കിലും, എന്തിനെയെങ്കിലും കണ്ടത് കൊണ്ടാവാം.

അന്ന് ഞാൻ താമസിച്ചിരുന്നത് ഒരു ഗ്രാമത്തിലായിരുന്നു. എനിക്ക് നാലോ, അഞ്ചോ വയസ്സ് കാണും. എന്റെ ചേട്ടന് ഒമ്പതോ, പത്തോ വയസ്സും. ഞങ്ങളുടെ വീടിനു ചുറ്റും റബ്ബർ തോട്ടമായിരുന്നു. പറമ്പിനവസാനം സാമാന്യം വലിയ ഒരു നദിയും. റബ്ബർ തോട്ടം എന്ന് വിശേഷിപ്പിച്ചെങ്കിലും മാവും, തെങ്ങും, പ്ലാവും, വേപ്പിനോട് പറ്റിച്ചേർന്നു പുഷ്പിച്ചു നിൽക്കുന്ന മുല്ലവള്ളികളും, റോസയും, പേരയും, ചാമ്പയുമൊക്കെ നിറഞ്ഞൊരു പൂന്തോട്ടം തന്നെയായിരുന്നു ഞങ്ങളുടെയാ സ്ഥലം.

ഞായറാഴ്ച തോറും ഞങ്ങൾ നദിയിൽ പോയി കുളിക്കുമായിരുന്നു. ആദ്യം എന്നെക്കുളിപ്പിച്ചു കരക്ക്‌ കയറ്റി തല തുവർത്തി വീട്ടിലയച്ച ശേഷമേ അച്ഛനും, ചേട്ടനും പുഴയിലിറങ്ങൂ. കുറച്ചു ദൂരമേ ഉള്ളുവെങ്കിലും ഞാൻ വിശാലമായ എന്റെയാ കൊച്ചു സുന്ദരലോകത്തെ ആവുന്നിടത്തോളം എന്റെ കൃഷ്ണമണികൾക്കുള്ളിലാക്കുക പതിവായിരുന്നു. കുലച്ചു നിൽക്കുന്ന തെങ്ങുകളും, പൂക്കൾ വിടർന്നു നിൽക്കുന്ന മാവുകളും, വണ്ടിനോട് കിന്നാരം പറയുന്ന പുഷ്പങ്ങളും ഒക്കെ ഞാൻ ആരാധനയോടെ നോക്കിക്കാണുമായിരുന്നു. പക്ഷെ ഞാനിതിലൊന്നിലും തൊടുകയില്ല. പ്രകൃതിയോടുള്ള ബഹുമാനമോ, കവിമനസ്സോ ഒന്നുമല്ല കാരണം. കുറച്ചു ദിവസങ്ങൾക്കു മുൻപ് പേരക്ക പറിക്കാൻ ഞാൻ പേരമരത്തിൽ ആരുമറിയാതെ കയറി. ഒറ്റക്കാണ് (വെറും നാലു വയസുള്ളപ്പോഴാണ് ഈ സാഹസം). പേരയുടെ ഏറ്റവും താഴത്തെ കൊമ്പിൽ കയറി ഒരു ഒളിമ്പിക് ചാമ്പ്യനെ പോലെ ഞാൻ നിന്നു. പക്ഷെ കഷ്ടമെന്നു പറയട്ടേ, കാൽ വഴുതിപ്പോയി. നിന്നിരുന്ന കൊമ്പിൽ ഒറ്റപ്പിടിത്തമിട്ടത് കൊണ്ട് താഴെ വീണില്ല. അറിയാതെ പിടിച്ചു പോയതാണ്. അങ്ങനെ തന്നെ നിന്ന് കൊണ്ട് ഞാനുറക്കെ അച്ഛനെ വിളിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം. കുളിച്ചു വരുന്ന വഴിയായതിനാൽ ഒരു തോർത്തു മാത്രമാണ് ഞാനുടുത്തിരുന്നത്. എന്തു കൊണ്ടോ അത് എന്റെ അരയിലിരിക്കാൻ ഇഷ്ടപ്പെട്ടില്ല. അത് ഊരിതാഴെപ്പോയി. ഞാൻ പിറന്നപടിയായി. കൊച്ചു കുട്ടിയായിരുന്നത് കൊണ്ട് നാണമൊന്നും തോന്നിയില്ല. അല്ലെങ്കിലുമാ പ്രായത്തിൽ നാണത്തെക്കുറിച്ചറിയില്ലലോ. നേരം കുറച്ചായെങ്കിലും ഞാൻ പിടി വിട്ടില്ല. “ഹോ എന്റെയൊരു ധൈര്യമേ “. കുറച്ചു കഴിഞ്ഞു എന്റെ കൈകൾ തളർന്നു തുടങ്ങി. ഞാൻ വീഴുമെന്നായി. ഞാൻ കൈ മാറിമാറി പിടിച്ചു തൂങ്ങി. എത്ര നേരം അങ്ങനെ തൂങ്ങി നിന്നുവെന്നറിയില്ല. പെട്ടന്നോടി വന്ന എന്റെ ചേട്ടൻ കയറിപിടിച്ചതു കൊണ്ട് വീണില്ല. അന്ന് മുഴുവൻ ആ സംഭവം അവിടമൊട്ടാകെ പാട്ടായി. ആളുകൾ കളിയാക്കിച്ചിരിക്കുമ്പോഴും എന്തോ ഒരു ധീരകൃത്യം ചെയ്ത മട്ടായിരുന്നെനിക്കു.

അത് കൊണ്ട് തന്നെ അതിനു ശേഷം അങ്ങനെയുള്ള ധീരപ്രവർത്തികൾ ചെയ്യാനൊന്നും ഞാൻ മുതിരാറില്ലായിരുന്നു. അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച ദിവസം പതിവ് പോലെ അച്ഛൻ എന്നെ കുളിപ്പിച്ച്, തല തുവർത്തി, തോർത്തുടിപ്പിച്ഛ്, കുറച്ചു നനഞ്ഞ തുണികളും, മരത്തിലൊന്നും കയറരുതെന്ന താകീതും തന്നയച്ചു. ഞാൻ പതുക്കെപ്പതുക്കെ വീട്ടിലേക്കു നടന്നു. പകുതി ദൂരമായിക്കാണും, ആരോ എന്നെ വിളിക്കുന്നതായെനിക്ക് തോന്നി. ആരാവും? ഞാൻ ചുറ്റും നോക്കി. കുറച്ചകലെയായി വഴിയിൽ നിന്നും മാറി പറമ്പിന്റെ ഒത്ത നടുക്കുള്ള ഒരു തെങ്ങിൻചുവട്ടിൽ നിന്നൊരപ്പൂപ്പൻ എന്നെ നോക്കി ചിരിക്കുന്നു. വെള്ള ഷർട്ടും മുണ്ടുമാണ് വേഷം. എനിക്ക് ലേശവും പേടി തോന്നിയില്ല. വലിയ ധൈര്യശാലിയല്ലേ. ഞാനും തിരിച്ചങ്ങോട്ടു ചിരിച്ചു. അപ്പോഴാ അപ്പുപ്പൻ പതുക്കെ കൈനീട്ടി എന്നെ വിളിച്ചു. ഇപ്രാവശ്യം പക്ഷെ എന്റെ ധൈര്യമൊക്കെ ചോർന്നു പോയി. കൊച്ചു കുട്ടിയല്ലേ. ഇപ്പോളായിരുന്നെങ്കിൽ ഞാൻ ധൈര്യത്തോടെ പോയി എന്തെന്ന് ചോദിക്കുമായിരുന്നു. ഞാൻ തുണികൾ താഴെയിട്ടു പുഴക്കരയിലേക്കോടി, അച്ഛനോട് കിതച്ചു കിതച്ചു പറഞ്ഞു, “ജാ അവിജേയൊരു അപ്പുവൻ”. എന്റെ ശബ്ദത്തിൽ അല്ലെങ്കിലും ചെറിയൊരു കുഴച്ചിലുണ്ടായിരുന്നു. അതിന്റെ കൂടെ കിതപ്പും കൂടിയായപ്പോൾ ഈ പരുവത്തിലായി. കുളിച്ചു കയറിയതിനാൽ എന്റെ കൈയ്യും പിടിച്ചു കൊണ്ട് അച്ഛൻ കൂടെ വന്നു. പക്ഷെ അവിടെയാരുമില്ലായിരുന്നു. എനിക്കാ തെങ്ങിൻചുവടു ശേരിക്കറിയാനും മേലായിരുന്നു. എന്തൊക്കെയായാലും തുണി താഴെയിട്ടതിനു അച്ഛന്റെ പക്കൽ നിന്നും നല്ല ശകാരം കിട്ടി.

രണ്ടു മൂന്ന് ദിവസം കഴിഞ്ഞു ഫ്രെയിം ചെയ്യാൻ കൊടുത്ത ഏതോ ഒരു ഫോട്ടോ വാങ്ങാൻപോയ അച്ഛൻ മടങ്ങിവന്നതും ഞാനതാരുടെ ഫോട്ടോയാണെന്നറിയാൻ വേണ്ടി അതിന്റെ പൊതിയഴിക്കാൻ തുടങ്ങി. ആ ഫോട്ടോ കണ്ടതും ചെറിയൊരു സംഭ്രമവും, സംശയവുമൊക്കെ എനിക്കുണ്ടായി. എന്നാൽ അത് മരിച്ചു പോയ എന്റെയപ്പുപ്പന്റെ ഫോട്ടോയാണെന്നറിഞ്ഞപ്പോൾ പേടിയും കൂടിത്തുടങ്ങി. എങ്കിലും ഞാനത് പ്രകടിപ്പിച്ചില്ല. വലിയ ധൈര്യശാലിയല്ലേ. ആ ഫോട്ടോയിലെ രൂപത്തിന് ഞാൻ തെങ്ങിൻചുവട്ടിൽ കണ്ട അപ്പൂപ്പന്റെ രൂപത്തോടു സാമ്യമുണ്ടെന്ന് അച്ഛനോട് പറഞ്ഞു. ഇപ്രാവശ്യം പക്ഷെ അച്ഛനതു കാര്യമായെടുത്തു. കാരണം ഞാനെന്റെ അപ്പൂപ്പന്റെ രൂപം അന്നാണാദ്യമായി കാണുന്നത്. അച്ഛൻ എന്നെ പറമ്പിലേക്ക് കൂട്ടികൊണ്ടുപോയി. പഴയ തെങ്ങിൻചുവട്ടിലെത്തിയപ്പോൾ, ഇവിടെയാണോ നീയദ്ദേഹത്തെ കണ്ടതെന്ന് ചോദിച്ചു. ഞാനത് ശരിവച്ചു. അതിനു മറുപടിയൊന്നും പറയാതെ അച്ഛൻ നടന്നു. ദിവസങ്ങൾക്ക് ശേഷമാണ് ചേട്ടനെന്നോടു പറഞ്ഞത് അത് അപ്പൂപ്പന്റെ ചുടലതെണ്ടാനെന്നു. വലിയ ധൈര്യശാലിയായതു കൊണ്ട് തന്നെ ഞാൻ പിന്നീടാ തെങ്ങിൻ ചുവട്ടിൽ ഒറ്റയ്ക്ക് പോയിട്ടേയില്ല. അടുത്ത വർഷം ഞങ്ങൾ ഒരു കൊച്ചു പട്ടണത്തിലേക്കു ചേക്കേറി. പിന്നീടങ്ങോട്ടുള്ള എന്റെ ജീവിതം അവിടെയായിരുന്നു.

ഇന്ന് പക്ഷെ ആ പഴയ വീടില്ല. പറമ്പാണെങ്കിൽ ചൂള വച്ചതിനാൽ വലിയൊരു കുഴിയായിക്കിടക്കുന്നു. പുഴയിലെ മണലുവാരി അവിടം കുളിക്കാനനുയോജ്യമല്ലാത്ത സ്ഥലമായിത്തീർന്നിരിക്കുന്നു. ഞാൻ തൂങ്ങിയ ആ പഴയ പേരയില്ല, ആ പഴയ തേങ്ങില്ല, പുഷ്പങ്ങളില്ല, വണ്ടുകളില്ല, പഴയ അപ്പൂപ്പന്റെ ഫോട്ടോയുമില്ല. ഇത്രേയുമായപ്പോൾ വലിയ ധൈര്യശാലിയായ എന്റെ കണ്ണുകളിൽ നിന്ന് രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു. മൂന്നാമത്തേത് പൊടിയും മുമ്പ് ഞാനതു തുടച്ചു. ഇനിയും കാലം ആ മണ്ണിനെ സസ്യസജീവമാക്കുകയാണെങ്കിൽ ആ ചെടികൾക്ക് വേണ്ടിയുള്ള ആദ്യത്തെ വളമാകട്ടെ എന്റെയീ രണ്ടുതുള്ളി കണ്ണുനീർ.



Leave a Reply