തിരകൾ

മനസിന്റെ മണൽത്തിട്ടകളിൽ തിരകളുയർന്നു പൊങ്ങുന്നു. ഏറെ നേരമുയർന്നു പൊങ്ങി, ശക്തമായത് താഴേക്കു വന്നു പതിക്കുന്നു. തിരകളുടെ ഓളങ്ങൾ അവന്റെ ചിന്തകൾക്ക് സമാനമായി ഉയർന്നും താണും കളിക്കുകയാണ്. മഞ്ഞ കലർന്ന വെള്ള നിറത്തിൽ നുരകൾ ആ ചിന്തകൾക്കലങ്കാരമാകുന്നു. അവനിന്നസ്വസ്ഥനാണ്. ഉച്ചത്തിൽ വിളിച്ചു പറയാൻ ഒട്ടേറെയുണ്ടായിട്ടും, സ്വയം നിയന്ത്രിച്ചു നിശ്ശബ്ദനായിരിക്കുന്ന വേദന അവനന്നറിയുന്നു. ചുറ്റും കൂടി നിൽക്കുന്ന ആളുകളിൽ നിന്നുമവൻ ഭിന്നനായി, സ്വന്തം ചിന്തകളുടെ ചില്ലുകൂട്ടിൽ അവൻ ഏകനായി നിൽക്കുകയാണ്.

കുറച്ചകലെ അവന്റെ അച്ഛന്റെ രൂപം ശ്രെദ്ധയിൽപെട്ടു. അന്നേക്ക് ഒരാഴ്ചയായി അച്ഛനോടവൻ സംസാരിച്ചിട്ട്. കഴിഞ്ഞ ഇരുപത്തഞ്ചു വർഷങ്ങൾക്കിടെ ഇതാദ്യമായാണ് ഇത്രെയും വലിയ ഒരിടവേള. അച്ഛൻ ഇടയ്ക്കിടെ അവനെ നോക്കുനുണ്ടായിരുന്നു. എപ്പോഴോ അവരുടെ കണ്ണുകളുടക്കി. ഓടിച്ചെന്നു അദ്ദേഹത്തിന്റെ കാലുകളിൽ വീണു മാപ്പപേക്ഷിക്കണമെന്നുണ്ട്. പക്ഷെ അവന്റെ കൗമാരം അവനു ചുറ്റും തീർത്ത അഹംഭാവത്തിന്റെ ഇരുമ്പഴികൾ അവനെയതിനനുവദിച്ചില്ല. സ്വന്തം കൗമാരത്തിനോട് അവനു വെറുപ്പ്‌ തോന്നി. അവന്റെ കണ്ണുകൾ അച്ഛന്റെ മുഖതെന്തിനോ വേണ്ടി പരതുകയാണ്. ഇങ്ങു വാടാ എന്ന് ഒരു വിളിക്ക് വേണ്ടി അവൻ കൊതിച്ചു. സ്വയം അങ്ങോട്ട് പോകാൻ കാലുകൾ അവനെ അനുവദിക്കുന്നില്ല. കൈകൊണ്ട് അടുത്തുവരാൻ ഒരു ആംഗ്യം എങ്കിലും? ഇല്ല. വാർദ്ധക്യത്തിന്റെ പാടുകൾ അച്ഛന്റെ മുഖത്ത് കണ്ടുതുടങ്ങിയിരിക്കുന്നു. അതോ കഴിഞ്ഞ ഒരാഴ്ചയായി താൻ സമ്മാനിച്ച വിരഹത്തിന്റെ വിളയാട്ടമാണോ ആ മുഖത്ത് കാണുന്നത്? നെറ്റിയിൽ ചുളിവുകൾ, കണ്ണുകൾ ക്ഷീണിതമാണ്, കാതിന്റെ ഓരങ്ങളിൽ നര കയറിയിരിക്കുന്നു. അച്ഛന് വയസായി. അതോ അദ്ദേഹം സ്ഥിരമുപയോഗിക്കുന്ന കറുപ്പ് ഡൈ തീർന്നതാവുമോ എന്ന് മനസ്സ് സ്വയം സമാധാനിപ്പിക്കാൻ ശ്രമിച്ചു, നടന്നില്ല. മുപ്പതിലേറെ വർഷങ്ങളുടെ അധ്യാപകജീവിതം അദ്ദേഹത്തെ തളർത്തിയിരിക്കുന്നു. ഹേ ! അങ്ങനെയാവാൻ വഴിയില്ല. ഇനിയും ഒരു 30 വർഷം വേണമെങ്കിലും സ്വന്തം അറിവ് പങ്കിട്ടു നൽകാൻ മടിയില്ലാത്ത അദ്ദേഹത്തെ ജോലിതിരക്കുകൾക്ക് തളർത്താനാവില്ല.

ചെയ്തുകൊണ്ടിരുന്ന ജോലി ഉപേക്ഷിച്ച് സ്വയം ഒരു ബിസിനസ് തുടങ്ങാൻ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഒരുപാട് എതിർത്തതാണ്. എന്നാൽ സ്വന്തം മകന്റെ ജീവിതസുരക്ഷ ഓർത്താണ് അങ്ങനെ പറയുന്നതെന്നും, തനിക്ക് സാധിക്കാൻ ആകുമെന്ന വിശ്വാസത്തോടും, പ്രായത്തിന്റെ ലേശം അഹങ്കാരത്തോടും കൂടി തന്നെ അവൻ അദ്ദേഹത്തിന്റെ വാക്കുകൾ ചെവിക്കൊണ്ടില്ല. എന്നിരുന്നാലും സ്വന്തം ബിസിനസ്സിന്റെ ലോൺ ശരിയാക്കാനും, കമ്പനി രജിസ്റ്റർ ചെയ്യാനും, ഓഫീസ് എടുക്കാനും ഒക്കെ മുൻകൈയെടുത്തത് അച്ഛൻ തന്നെയായിരുന്നു. പക്ഷേ ഓരോ ദിവസവും രാവിലെ തന്നെ അദ്ദേഹത്തിന്റെ പേടി കാരണം അവനെ ആ സംരംഭത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. അതിന്റെ പേരിൽ വീട്ടിൽ ദിവസവും വഴക്കായി. അവന് ജോലിയിൽ ശ്രദ്ധിക്കാൻ പറ്റാതെയായി. ഓരോ മാസം നീങ്ങുമ്പോഴും ശമ്പള കുടിശ്ശിക കൂടുകയായിരുന്നു. ചിലവിനൊത്ത വരുമാനം വരാതായപ്പോൾ അവൻ ഒരുപാട് അസ്വസ്ഥനായി. പല രാത്രികളിലും അവൻ ഓഫീസിൽ തന്നെ കമ്പ്യൂട്ടറിന്റെ മുന്നിൽ കുത്തിയിരുന്നു. പക്ഷേ ശാന്തം അല്ലാത്ത ആ മനസ്സിൽ ഒരു പോംവഴിയും ഉരുത്തിരിഞ്ഞില്ല. കടങ്ങളുടെയും ജീവിതലക്ഷ്യത്തിന്റെയും ഇരുണ്ട ഗർത്തത്തിൽ വീഴുമ്പോഴും എവിടെയോ അവനൊരു നേർത്ത വെള്ള വെളിച്ചം കാണുന്നുണ്ടായിരുന്നു. അതിനെ നോക്കി നീന്താൻ അവൻ ശ്രമിച്ചു കൊണ്ടിരുന്നു. ആരുടെയും ഉപദേശം സ്വീകരിക്കാൻ അവൻ തയ്യാറല്ലായിരുന്നു. അവനു വേണ്ടിയിരുന്നത് അവന്റെ അച്ഛന്റെ ഉപദേശം ആയിരുന്നു. പക്ഷേ നിരന്തരം ശകാരിക്കുകയും, സ്വന്തം മകന്റെ ജീവിതത്തെ ഓർത്ത് ആദി കൊണ്ട് നിൽക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ വാക്കുകളും അവനു സ്വീകാര്യമായിരുന്നില്ല. അവന്റെ മനസ്സ് അതിനനുവദിച്ചില്ല എന്നതാണ് സത്യം.

എന്നത്തെയും പോലെ ഒരു ദിവസം രാവിലെ സ്വന്തം ഭാവിയെപ്പറ്റി അച്ഛന്റെ ആദി കയറിയ ശകാരങ്ങൾക്കിരയാകവേ, “ഭിക്ഷക്കാരനുണ്ടാകും ഇതിലും നല്ല അന്തസ്സ്” എന്ന വാക്കുകൾ അവനു ഏറ്റവും ആദരണീയനായ അച്ഛന്റെ വായിൽ നിന്നും കേട്ടപ്പോൾ അവന്റെ മനസ്സ് ഒന്നുകൂടി തളർന്നു. കൗമാരത്തിന്റെ അഹംഭാവം വീണ്ടും സടകുടഞ്ഞെഴുന്നേറ്റു. ഇനി ഈ വീട്ടിൽ ഒരു നിമിഷം പോലും നിൽക്കരുതെന്ന തീരുമാനത്തിൽ അത്യാവശ്യ തുണികളും എടുത്തു അവന്റേതു എന്ന് പറയാൻ ആവുന്ന ഏക സ്ഥലമായ അവന്റെ ഓഫീസിലേക്ക് അവൻ തിരിച്ചു. ഓഫീസിന്റെ ചെയറിൽ അന്തി ഉറങ്ങുമ്പോഴും, അവിടെത്തന്നെ ജോലി ചെയ്യുമ്പോഴും അച്ഛന്റെ വാക്കുകൾ അവന്റെ ഉള്ളിൽ മുഴങ്ങിക്കൊണ്ടിരുന്നു. ഒരു പക്ഷേ താൻ ഒരു തോൽവിയായി പോകുമോ എന്ന ചിന്ത അവനെ ഒരുപാട് അലട്ടി. ബൈക്കുമെടുത്ത് ഒരു വൈകുന്നേരം അവൻ അടുത്തുള്ള കടൽക്കരയിലേക്ക് പോയി. നിലാവെളിച്ചത്തിൽ ആ മണൽത്തിട്ടയിൽ അവൻ ഇരുന്നു. കുതിച്ചു പൊങ്ങുകയും താഴുകയും ചെയ്യുന്ന തിരകളെ അവൻ ഉറ്റുനോക്കി. ഓരോ താഴ്ചയും വകവയ്ക്കാതെ അവ വീണ്ടുമുയർന്നു പൊങ്ങുകയാണ്, തന്റെ ജീവിതം പോലെ. പണ്ട് ഇതുപോലെ കടൽ കരകളിൽ വന്നിരിക്കുന്നതും മണൽ കൊണ്ട് കൊട്ടാരം പണിയുന്നതും ഒക്കെ അവൻ ആലോചിച്ചു. തിരകളുടെ ഒഴുക്കിനൊത്ത് മണൽ കൊട്ടാരത്തിൽ ഒരു കവാടം വച്ചു കഴിഞ്ഞാൽ തിരയടിക്കുമ്പോൾ കൊട്ടാരം ഇടിഞ്ഞു പോകില്ല എന്ന് പണ്ടാരോ പറഞ്ഞത് അവൻ ഓർത്തു. അതുപോലത്തെ ഒരു മണൽ കൊട്ടാരം അവൻ കെട്ടാൻ തുടങ്ങി. തിരകളും ആ തിരകളുടെ മഞ്ഞ കലർന്ന വെള്ള നുരകളും അവന്റെ കൊട്ടാരത്തെ തൊട്ടുതലോടി പോവുകയായി. വീടുവിട്ടിറങ്ങി അഞ്ചുദിവസം കഴിഞ്ഞു അന്നാണ് ആദ്യമായി അവന്റെ മനസ്സൊന്നു ശാന്തമായത്. നിരന്തരമുള്ള അമ്മയുടെയും, ചേട്ടന്റെയും ഫോൺ വിളികൾക്കും, അച്ഛന്റെ വിഷമത്തിനും ഒന്നും സമാധാനിപ്പിക്കാൻ ആവാത്ത അവന്റെ മനസ്സിനെ നിലാവെളിച്ചത്തിലെ ആ കടൽക്കരയും, തിരകളും ശാന്തമാക്കിയിരിക്കുന്നു. കാരണമറിയാതെ അഞ്ചു ദിവസങ്ങൾക്കു ശേഷം അവൻ കരയുകയായിരുന്നു.

അന്നുരാത്രി അവന്റെ ഓഫീസ് കസേരയിൽ അവൻ ഉറങ്ങാനായുള്ള തയ്യാറെടുപ്പുകൾ നടത്തുമ്പോൾ, അവന്റെ മൊബൈൽ പെട്ടെന്ന് ശബ്ദിച്ചു. അവന്റെ വല്യച്ഛൻ ആണ് വിളിക്കുന്നത്. അവന്റെ അച്ഛന്റെ ജേഷ്ഠൻ. അച്ഛൻ അന്ന് അവിടെ പോയിരുന്നുവെന്നും ഒരുപാട് നേരം തന്നെക്കുറിച്ച് ഓർത്തു വിഷമിച്ചു കരഞ്ഞെന്നും, താൻ ഉടനെ വീട്ടിലേക്ക് പോകണം എന്നുമായിരുന്നു വല്യച്ഛന്റെ ഉപദേശം. അവന് വല്യച്ചനോട് വലിയ ബഹുമാനമായിരുന്നു. നടന്നതെല്ലാം അവൻ വല്യച്ചനോട് പറഞ്ഞു. അടുത്ത ദിവസം തന്നെ വീട്ടിലേക്ക് പോയി കൊള്ളാം എന്ന വാക്കും കൊടുത്തു. അല്ലെങ്കിലും അവന്റെ ദേഷ്യമെല്ലാം കടലിലെ മഞ്ഞ കലർന്ന വെളുത്ത നുരകൾ മായ്ച്ചു കളഞ്ഞിരുന്നു. ബാക്കിയുണ്ടായിരുന്നത് പ്രായത്തിന്റെ വാശി മാത്രമായിരുന്നു. ആ ഫോൺ കാളിലൂടെ അവന്റെ വാശിയും അവനെ വിട്ടകന്നു. അടുത്ത ദിവസം വീട്ടിലേക്കു പോകാൻ തന്നെയവൻ തീരുമാനിച്ചു. അടുത്തദിവസം പക്ഷേ അവൻ വളരെ നാളുകളായി കാത്തിരുന്ന ഒരു പ്രോജക്ട് അവന്റെ കമ്പനിക്ക് കിട്ടി. അതിന്റെ പേപ്പറുകൾ ശരിയാക്കാനുള്ള തിടുക്കത്തിൽ സമയം പോയതവനറിഞ്ഞില്ല. എല്ലാ ജോലിയും തീർത്തപ്പോൾ ഒരുപാട് വൈകി. നന്നേ ക്ഷീണിതൻ ആയത് കൊണ്ട് വണ്ടിയോടിച്ച് വീട്ടിലേക്ക് പോകണ്ട എന്ന് അവൻ തീരുമാനിച്ചു. അടുത്ത ദിവസം രാവിലെ ലീവെടുത്ത് ഓർഡർ കിട്ടിയതിന്റെ സന്തോഷവാർത്തയോടു കൂടി അച്ഛനെ ചെന്ന് കാണാം എന്ന് അവൻ ചിന്തിച്ചു. അന്നു രാത്രിയും വല്യച്ഛൻ വിളിച്ചു. “നീ വീട്ടിലെത്തിയോ” എന്നായിരുന്നു ചോദ്യം. അന്ന് വീട്ടിലേക്ക് പോകാം എന്ന് വലിയച്ഛന് കൊടുത്ത വാക്ക് പാലിക്കാൻ ആയില്ല എന്ന് കുറ്റബോധത്തോടെ അവൻ പുതിയ ഓർഡർ കിട്ടിയ സന്തോഷം വല്യച്ഛനുമായി പങ്കിട്ടു. അനുഗ്രഹം തന്നിട്ട് വലിയച്ഛൻ അടുത്ത ദിവസം അദ്ദേഹത്തെ ചെന്നു കാണണമെന്ന് പറഞ്ഞു. അവനോട് എന്തോ സംസാരിക്കാൻ ഉണ്ടത്രേ. തീർച്ചയായും കാണാം എന്ന വാക്ക് കൊടുത്തിട്ട് അവൻ ഫോൺ വച്ചു. ആദ്യത്തെ വാക്ക് പാലിക്കാൻ ആയില്ലെങ്കിലും രണ്ടാമത്തെ ആ വാക്കുകൾ തീർച്ചയായും പാലിക്കണം, അടുത്തദിവസം വല്യച്ഛനെ ചെന്ന് കാണണം, അദ്ദേഹത്തിന് പറയാനുള്ളത് കേൾക്കണം എന്ന് അവൻ തീരുമാനിച്ചു.

അടുത്ത ദിവസം അവൻ ഉറക്കമുണർന്നത് ഒരാഴ്ചയ്ക്ക് ശേഷമുള്ള അവന്റെ അച്ഛന്റെ ഫോൺ വിളി കേട്ടു കൊണ്ടാണ്. മടിച്ചിട്ടു ആണെങ്കിലും അവൻ ആ ഫോൺ എടുത്തു പച്ച ബട്ടൺ അമർത്തി ചെവിയിൽ വച്ചു. ” നീ ഉടനെ ഇവിടെ വരണം. വല്യച്ഛൻ ഇന്ന് രാവിലെ മരിച്ചു” എന്നായിരുന്നു അച്ഛന്റെ ശബ്ദം അവനോട് പറഞ്ഞത്. അവൻ അത് ഉൾക്കൊള്ളാൻ കുറച്ചധികം സമയമെടുത്തു. അപ്പോഴേക്കും അച്ഛൻ ഫോൺ ഡിസ്കണക്ട് ചെയ്തിരുന്നു. ആ വാക്കുകളുടെ അർത്ഥം പൂർണമായി മനസ്സിലാക്കിയതും ഒരു വലിയ തിര അവന്റെ മനസ്സിൽ ആഞ്ഞടിച്ചു. അവനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. ഒരാഴ്ച മുമ്പ് വരെ ബഹുമാനം ഉണ്ടെങ്കിലും, മാനസികമായി അടുക്കാത്ത അവന്റെ വല്യച്ചനോട് ഏതാനും മണിക്കൂറുകൾ സംസാരിച്ചപ്പോൾ അവൻ അത്രമാത്രം അടുത്തെന്നു അപ്പോഴാണ് മനസ്സിലായത്. ആശ്വാസത്തിന്റെയും, സമാധാനത്തിന്റെയും, സ്നേഹത്തിന്റെയും ഒരു വെളുത്ത പ്രകാശമാണ് അദ്ദേഹം കഴിഞ്ഞ രണ്ട് ദിവസം അവനു നൽകിയത്. പെട്ടന്നതിന്നു കാണാതായിരിക്കുന്നു. ഉയർന്നടിച്ച തിരകളിൽ അത് മുങ്ങിയിരിക്കുന്നു.

ബൈക്കിന്റെ വേഗത അവൻ കണക്കാക്കിയില്ല. മുഖത്ത് വന്നു ശക്തമായി അടിക്കുന്ന കാറ്റിനോട് അവനു കടപ്പാട് തോന്നി. അത് അവന്റെ ഒഴുകുന്ന കണ്ണുനീരിനെ ഒപ്പുകയായിരുന്നു. വല്യച്ഛന്റെ വീടിനുമുന്നിൽ ആൾക്കൂട്ടം. ബൈക്കിൽ നിന്നും ഇറങ്ങി അവൻ അകത്തേക്ക് നടന്നു. അച്ഛൻ അവിടെ നിൽക്കുന്നുണ്ട്. വേറെ പലരും ഉണ്ട്. അവന്റെ കണ്ണുകൾ അവരിലൊന്നും പതിച്ചില്ല. പകരം ഹാളിന്റെ നടുക്ക് വെള്ള മുണ്ട് കൊണ്ട് പൊതിഞ്ഞു കിടത്തിയിരുന്ന അവന്റെ വല്യച്ഛന്റെ അനക്കമില്ലാത്ത മുഖത്താണ് അവൻ നോക്കിയത്. കഴിഞ്ഞ രണ്ട് ദിവസത്തെ ഏതാനും നിമിഷങ്ങൾ അവരെ തമ്മിലടുപ്പിച്ചത് അവിടെ നിൽക്കുന്നവർക്കാർക്കുമറിയില്ല. അത് അവന്റെയും വല്യച്ചന്റെയും സ്വകാര്യതയാണ്. അത് ആരോടും പറയാൻ അവൻ ആഗ്രഹിച്ചുമില്ല. അവൻ വാക്കുപാലിച്ചു. പറഞ്ഞതുപോലെ അവൻ വല്യച്ഛനെ കാണാനെത്തി. പക്ഷേ അദ്ദേഹത്തിന് അവനോട് പറയാനുള്ളത് ഇനിയെങ്ങനെ പറയും? ആരും കാണാതിരിക്കാൻ വീടിന്റെ പുറകുവശത്ത് ആളൊഴിഞ്ഞ കോണിൽ പോയി അവൻ പൊട്ടിക്കരഞ്ഞു. അവന്റെ മനസ്സിൽ അപ്പോഴും ആഞ്ഞടിക്കുന്ന തിരകൾ കണ്ണിലൂടെ ഒഴുകുകയാണോ? കണ്ണീരിന് നുരകളുടെ നിറം ആണോ എന്നവൻ നോക്കി.

ദഹിപ്പിച്ച് കഴിഞ്ഞും ആ ചുടലത്തണ്ടിൽ അവൻ ഏറെ നേരം നിന്നു. വല്യച്ഛനെ ദഹിപ്പിച്ച പുക ഇടകലർന്ന അവിടത്തെ കാറ്റിനെങ്കിലും അദ്ദേഹത്തിന് അവനോട് പറയാനുണ്ടായിരുന്നതെന്താണ് എന്ന് പറഞ്ഞു തരാൻ പറ്റുമോ എന്നവൻ ആഗ്രഹിച്ചു. അവൻ വീണ്ടും അവന്റെ അച്ഛന്റെ മുഖത്തോട്ടു നോക്കി. ഇനിയൊരിക്കലും തന്റെ അച്ഛനെ വിട്ടകന്നു പോകരുതെന്ന് അവൻ ഉള്ളിൽ പറഞ്ഞു. ഒരുപക്ഷേ വല്യച്ഛന്റെ ആഗ്രഹം അതായിരിക്കണം. അതായിരിക്കണം അദ്ദേഹം പറയാതെ പറഞ്ഞു വിടവാങ്ങിയത്. മനസ്സിലെ തിരകളുടെ നുരകൾക്കു ഇപ്പോൾ മഞ്ഞ കലർന്ന വെള്ള അല്ല, പകരം വല്യച്ചനെ പുതച്ച ആ മുണ്ടിന്റെ തൂവെള്ള നിറമാണ്. അതെന്നും അവനോടൊപ്പം തന്നെയുണ്ടാവും.



Leave a Reply