ഉറക്കം

നേരം പുലരുന്നു. സൂര്യന്റെ ചൂട് കിരണങ്ങൾ സ്വന്തം ശരീരത്തെ തൊട്ടുതലോടുന്നതിനു വേണ്ടി അയാൾ ആശിച്ചു. പക്ഷെ ഉണർന്നുയരുന്ന സൂര്യദേവനെ മാറോടണച്ചു കൊണ്ട് വാത്സല്യത്തോടെ സ്വന്തം ആധിപത്യം സ്ഥാപിക്കുന്ന മഞ്ഞിന്റെ പുതപ്പിനോടയാൾക്കു അമർഷം തോന്നി. ആ നിമിഷം താനൊരു ഫീനിക്സ് പക്ഷിയായിരുന്നെങ്കിൽ എന്നയാൾ ആഗ്രഹിച്ചു. എങ്കിലാ കട്ടിയുള്ള മറയെ സ്വന്തം കൊക്ക് കൊണ്ട് കീറിവലിച്ചു സൂര്യദേവനെ മോചിപ്പിച്ചേനെ. പക്ഷെ ഭാവനയെക്കാളുമപ്പുറമാണല്ലോ സത്യം.

പതുക്കെപ്പതുക്കെ ചിന്തകളിൽ നിന്നുമായാളുണർന്നു, അല്ലെങ്കിൽ ഉണർത്തപെട്ടു. ബസ് ഏതോ ഗട്ടറിൽ വീണു. കഴിഞ്ഞ ദിവസം രാത്രി തുടങ്ങിയതാണ് കൊടൈക്കനാലിലേക്കുള്ളയി യാത്ര. തന്നെക്കൂടാതെ മറ്റു ധാരാളം പേരാ ബസ്സിലുണ്ടായിരുന്നെങ്കിലും അവരെല്ലാം നിദ്രയുടെ മടിത്തട്ടിലാണ്. തന്റെ അദ്ധ്യാപകൻ പണ്ട് പറഞ്ഞതയാൾക്കോർമ വന്നു. “ഉറക്കം, ലോകത്തിൽ വച്ചേറ്റവും മാദകമായ മദ്യവും, മയക്കു മരുന്നുമെല്ലാമാണത്. ഉറക്കത്തിന്റെ അഗാധഗർത്തത്തിൽ വീണു കഴിഞ്ഞാൽപ്പിന്നെ കുടുംബമില്ല, സുഹൃത്തുക്കളില്ല, സ്വയം എന്താണെന്നു പോലുമറിയുകയില്ല. ദൈവത്തിന്റെ ഏറ്റവും വലിയ വരദാനമാണ് നിദ്ര.” അതെത്രയോ സത്യമാണെന്നയാൾക്കു തോന്നി. പക്ഷെ ആ വരദാനം തനിക്കു മാത്രം ഈശ്വരൻ അന്നനുവദിച്ചു തന്നില്ല എന്നയാളോർത്തു.

നേരം പുലർച്ചെയായെങ്കിലും ആരും തന്നെ ഉറക്കത്തിൽ നിന്നുമുണർന്ന മട്ടില്ല. ലക്ഷ്യസ്ഥാനമെത്തിയ മട്ടുമില്ല. ഉച്ചത്തിൽ ശബ്ദമുണ്ടാക്കി എല്ലാരേയും വിളിച്ചുണർത്തിയാലോ എന്നയാൾ ചിന്തിച്ചു. എന്തെല്ലാം ചിന്തകൾ! ബസ് വീണ്ടും ഒന്നുരണ്ടു പ്രാവശ്യം കൂടി ഗട്ടറിൽ വീണു. സമയം ആറുമണിയോടടുത്തു കാണും. പുറത്തിപ്പോഴും മഞ്ഞിന്റെ പുകമറ തന്നെ. സ്ഥലമടുക്കുകയാണെന്നു ഉൾമനസ്സിനു തോന്നിത്തുടങ്ങി. കൊടൈക്കനാൽ അയാൾക്കിഷ്ടമാണ്. മുൻപ് പോയിട്ടില്ലെങ്കിലും ധാരാളം കേട്ടിട്ടുണ്ട്. പെട്ടന്ന് ബസ്സ് നിന്നു. മുന്നിലെ സീറ്റിലിരുന്നതു കൊണ്ട് അയാൾ ബസ് നിന്നതിന്റെ കാരണം ചോദിച്ചു മനസിലാക്കി. വലുതായൊന്നുമില്ല, ഡ്രൈവർക്കു ഒന്ന് മൂത്രമൊഴിക്കാനാണത്രെ. അയാളും ബസിൽ നിന്നുമിറങ്ങി. എട്ടു മണിക്കൂറോളം ഒരേയിരുപ്പിരുന്നതിന്റെ ക്ഷീണം അയാൾ നികത്തി. വിസ്തരിച്ചൊന്നു മൂത്രമൊഴിച്ചു. മനസ്സും ശരീരവും സ്വസ്ഥമായി. ചെറുതായൊന്നു നെടുവീർപ്പിട്ടു കൊണ്ടയാൾ വണ്ടിയിൽ കയറി. ഒന്നുരണ്ടു പേർ ഉറക്കത്തിൽ നിന്നും എണീറ്റിട്ടുണ്ടെങ്കിലും ഉറക്കച്ചടവിലാണ്. വീണ്ടും ഒരു മണിക്കൂറത്തെ മുഷിപ്പൻ യാത്ര. ഏഴു മണിയായപ്പോൾ വണ്ടി വീണ്ടും നിന്നു. ഇപ്രാവശ്യം ചായ കുടിക്കാനാണ്. ഡ്രൈവർ എല്ലാവരെയും തട്ടിയുണർത്തി. അത്രെയും നേരത്തെ നിശബ്‌ദതക്കു ഭംഗം വരുത്തിക്കൊണ്ട് ചില കലപില ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി. കുറേ മനുഷ്യജീവികൾക്കിടയിലാണ് താനെന്നോർത്തു അയാൾക്കപ്പോഴാണ് ആശ്വാസമായത്.

ബസ്സിൽ നിന്നുമിറങ്ങി ഒരു ചൂട് ചായ കുടിച്ചു. മലമുകളിലെ തണുപ്പിൽ നിന്നും ഒത്തിരി ആശ്വാസം അയാൾക്കനുഭവപ്പെട്ടു. പെട്ടെന്നാണയാളതു ശ്രേദ്ധിച്ചതു. കുറേ പേർ താൻ ചായ കുടിക്കുന്നത് സൂക്ഷിച്ചു നോക്കുന്നു. ചാര നിറം, മുഖമൊരല്പം ചുമപ്പാണ്, അല്ല നല്ല റോസ് നിറത്തിലാണ്. ഒന്നുകൂടി അയാളുടെ ശ്രേദ്ധയില്പെട്ടു. അപരന്മാർക്കു വാലുണ്ട്. തന്നെ സൂക്ഷിച്ചു നോക്കുന്നവരെ കൂടാതെ മറ്റുകുറേപേര് കൂടി അങ്ങിങ്ങു ചുറ്റിക്കറങ്ങുന്നുണ്ട്. അയാൾ ആകാശത്തിലേക്കു നോക്കി. കിഴക്കേ ചക്രവാളം ചുവപ്പ് ഗൗൺ അണിഞ്ഞു കഴിഞ്ഞിരുന്നു.

പിന്നീടുള്ള യാത്ര തണുപ്പിനെ കീറി മുറിച്ചു കൊണ്ടുള്ളതായിരുന്നു. ചിന്തകൾക്കിടയിലെപ്പോഴോ അയാളുടെ പോളകളാകുന്ന സുഹൃത്തുക്കൾ കുശലമന്വേഷിക്കാനായി ഒന്നുചേർന്നു. ഡ്രൈവറുടെ വിളി കേട്ടാണയാളുണർന്നത്. അയാൾ ബസിൽ നിന്നും താഴെയിറങ്ങി. തന്റെ ജോലി കഴിഞ്ഞ മട്ടിൽ ഡ്രൈവർ ഒരു നെടുവീർപ്പുമിട്ടുകൊണ്ടു ഉറങ്ങാനുള്ള വട്ടംകൂട്ടി. കൂട്ടത്തിൽചിലർ വഴിയരികിലെ കടകളിൽ നിന്നും ഒരു ചായ കൂടെ വാങ്ങിക്കുടിച്ചു. നേരത്തെ തീരുമാനിച്ചപോലെ അവിടെയൊരു ഹോട്ടലിൽ റൂമുകളെടുത്തിട്ടുണ്ടായിരുന്നു. അതുകൊണ്ട് വലിയ വിഷമമൊന്നുമില്ലാതെ പ്രഭാതകർമങ്ങൾ കഴിച്ചു. അവിടെ നിന്ന് തന്നെയാണ് രാവിലത്തെ ഭക്ഷണം എന്ന് ഗൈഡ് പറഞ്ഞപ്പോഴാണ് അയാൾ സമയം നോക്കുന്നത്. ചുരുണ്ട മുടിയും കൊമ്പൻ മീശയുമുള്ളൊരു തടിയനായിരുന്നു ഗൈഡ്. എട്ടുമണിയായിരിക്കുന്നു. കിഴക്കേ ചക്രവാളത്തിൽ മുമ്പ് കണ്ട ചുവപ്പ് നിറം അങ്ങനെത്തന്നെയിരിക്കുന്നു.

ഭക്ഷണം കഴിഞ്ഞു കൊമ്പൻ മീശക്കാരന്റെ നിർദ്ദേശം വന്നു. തനിയെ ചുറ്റിനടന്നു കാണുന്നവർ സന്ധ്യക്ക്‌ ആറുമണിയോടെ തിരികെ അതേ സ്ഥലത്തെത്തണം. മറ്റുള്ളവർക്ക്‌ ഗൈഡിനെ അനുഗമിക്കാം. അയാളേതായാലും ഏകാന്തസഞ്ചാരമണിഷ്ടപ്പെട്ടതു. സ്ഥലപ്രസിദ്ധമായ തടാകത്തെ ചുറ്റിയയാൾ നടന്നു. യൂക്കാലിപ്റ്റസ് മരങ്ങളുടെ മാദകമണവും, റോഡിലൂടെ സൈക്കിൾ സവാരി ചെയ്യുന്നവരുടെ തിരക്കും, തടാകത്തിൽ ബോട്ടിൽ സഞ്ചരിക്കുന്നവരുടെ ചിത്രങ്ങളും, തലേദിവസത്തെ ഉറക്കമിലായ്മയും ഒക്കെക്കൂടി അയാളെ ക്ഷീണിതനാക്കി. അടുത്തുള്ള ഒരു യൂക്കാലിപ്റ്റസ് മരച്ചുവട്ടിൽ അയാളിരുന്നു. ഏതായാലും ഉറങ്ങാനുള്ള പുറപ്പെടില്ല. അയാൾ തന്റെ മുന്നിൽ നടക്കുന്നവരെ വിശദമായി നോക്കികൊണ്ട്‌ സമയം ചിലവഴിച്ചു. ഒരു മണിക്കൂറായി ആ മണ്ണിൽ കാലുകുത്തിയിട്ടു. ഇതുവരെ പറയത്തക്ക ഒന്നും ചെയ്തിട്ടില്ല. ഒരു പേപ്പറും പെൻസിലുമുണ്ടായിരുന്നെങ്കിൽ, അവിടത്തെ മനോഹരദൃശ്യങ്ങൾ ചിത്രത്തിൽ പകർത്താമായിരുന്നു. ക്ഷീണം മാറിയെന്നു തോന്നുകയാൽ അയാൾ എണീറ്റു വീണ്ടും നടക്കാൻ തുടങ്ങി. പുതിയ മനുഷ്യർ, പുതിയ ഭാഷ, പുതിയ സ്ഥലം, എല്ലാം പുതുമ നിറഞ്ഞതു. അയാൾ നടന്നു.

തടാകത്തിനരികിലുള്ള ഒരു പൂന്തോട്ടത്തിൽ കയറാൻ അയാൾ നിശ്ചയിച്ചു. അതിനായി ഒരു പ്രവേശനടിക്കറ്റ് എടുക്കണമായിരുന്നു. സമയം പതിനൊന്നരയാവുന്നു. സൂര്യൻ മുകളിലുണ്ടെങ്കിലും ചൂടിന് പകരം എന്തോ തണുപ്പാണനുഭവപ്പെടുന്നത്. പക്ഷെ പെട്ടന്നയാളുടെ ശ്രെദ്ധ അതിൽനിന്നുമെല്ലാം വിട്ടുപോയി. ഒരു സുന്ദരരൂപം തന്നെത്തന്നെ നോക്കിനിൽക്കുന്ന പോലെ അയാൾക്ക്‌ തോന്നി. വ്യക്തമല്ലെങ്കിലും അയാൾക്കാ രൂപത്തിനോടെന്തോ ആകർഷണീയത തോന്നി. പിന്നിൽ നിന്നാരോ വിളിക്കുന്ന മട്ടിൽ തിരിഞ്ഞു കടകണ്ണിട്ടു ചുവന്ന നിറമുള്ള ആ സൗന്ദര്യരൂപത്തിനെ നോക്കി. അകലെയാണെങ്കിലും ഒരു വിടർന്ന റോസാപുഷ്പത്തിന്റെ ഓർമ അയാളിലുളവായി. ഒരുപക്ഷെ പൂന്തോട്ടത്തിനുള്ളിലാണോ ആ രൂപം നിൽക്കുന്നത്. അയാൾ ടിക്കറ്റ് എടുക്കാൻ ദൃതിയിൽ പോയപോഴേക്കും അവിടെ ആളുകൾ കൂടി. ക്യൂവിൽ നിൽക്കേണ്ടി വന്നു. അവസാനം ഒരുവിധം ടിക്കറ്റ് കിട്ടി. നാട്ടിൽ സിനിമാടാകീസിൽ ടിക്കറ്റ് എടുക്കുന്നപോലെയാണിതെന്നയാൾക്കു തോന്നി. പക്ഷെ ആലോചിച്ചു നിൽക്കുവാൻ സമയമില്ല. അയാളോടി. മുന്നിൽ സുന്ദരവും സുരഭിലവുമായ ഒട്ടനേകം പുഷ്പങ്ങൾ വിടർന്നു നില്പുണ്ടായിരുന്നുവെങ്കിലും അയാളുടെ ശ്രെദ്ധ അതിലൊന്നും പതിഞ്ഞില്ല. “ഇനി തോന്നിയതാവുമോ, അങ്ങനെയാവാൻ വഴിയില്ല”, അയാളോർത്തു. എവിടെയോ കാൽതെറ്റി വീണപ്പോഴാണാ ഓട്ടമവസാനിച്ചതു. ഒരു റോസാച്ചെടിയുടെ മുകളിലാണ് വീണത്. ഭാഗ്യത്തിനാരും കണ്ടില്ല. അയാൾ പണിപ്പെട്ടെഴുന്നേറ്റു. മുള്ളു കൊണ്ട് ഷർട്ടിന്റെ കൈയ്യും പിന്നെ മറ്റു ചില ശരീരഭാഗങ്ങളും മുറിഞ്ഞിട്ടുണ്ടായിരുന്നു. അയാൾ പതുക്കെപ്പതുക്കെ അവിടത്തെ ഒരു പുൽമേട്ടിൽ കയറിക്കിടന്നു. വീഴ്ചയിൽ കാലിനു ചെറിയ തട്ട് പറ്റിയിട്ടുണ്ട്. പതുക്കെപ്പതുക്കെ അയാളുറങ്ങുകയായി.

ആരോ തട്ടി വിളിച്ചപ്പോഴാണയാളുണർന്നത്. ഗാർഡനറായിരുന്നു. അയാൾ സമയം നോക്കി. മണി നാലു കഴിഞ്ഞിരിക്കുന്നു. വിശപ്പനുഭവപ്പെടുന്നുണ്ടെന്നയാളറിഞ്ഞു. ഹോ ! എന്തൊരു വികാരമാണീ ഉറക്കം? വിശപ്പ്‌ പോലുമറിയുന്നില്ല. അയാൾ പൂന്തോട്ടത്തിൽ നിന്നും പുറത്തേക്കു കടന്നു. വഴിയരികിലെ തട്ടുകടയിൽ നിന്നും ചായയും വാഴക്കബജ്ജിയും വാങ്ങിക്കഴിച്ചു, കാശും കൊടുത്തു തിരിഞ്ഞപ്പോഴാണ് അയാളത് കണ്ടത്. തടാകക്കരയിൽ അതാ ഒരു ചുവന്ന രൂപം. അയാളോടി. കാലിലെ വേദന പിടിച്ചു വലിച്ചെങ്കിലും ഓടാതിരിക്കുവാൻ അയാൾക്ക്‌ കഴിഞ്ഞില്ല. ഒന്നുമല്ലെങ്കിലും ആ പേരെങ്കിലുമറിയാൻ കഴിഞ്ഞെങ്കിൽ. ഓടിയോടി അയാളാ രൂപത്തിന്റെയടുത്തു ചെന്നു.

“Please Use Me”

ഒരു വേസ്റ്റ് ബാസ്കെറ്റായിരുന്നു. ചപ്പുചവറുകളിടാൻ ചുവന്ന ഷർട്ടിട്ട ഒരു മുയലിന്റെ രൂപത്തിലുള്ള വേസ്റ്റ് ബോക്സ്‌. ജീവിതം തന്നെയൊരു വേസ്റ്റ് ബോക്സ്‌ ആയയാൾക്കു തോന്നി. ചിന്തകളിൽ നിന്നുമെല്ലാം മോചിതനായി ഇരക്കുന്ന ശരീരത്തോടെ, നിരാശയോടെ, അയാൾ തടാകത്തിൽ ബോട്ടിങ്ങിനിറങ്ങി. പെടൽ ബോട്ട് ആണ് കിട്ടിയത്. പതുക്കെപ്പതുക്കെ ചവുട്ടി അയാൾ നീങ്ങി. കാലിലെ വേദന അസഹ്യമായിരിക്കുന്നു. അയാൾ വീണ്ടും ചുറ്റുപാടും ശ്രദ്ധിച്ചു. എവിടെങ്കിലുമൊരു ചുവന്ന രൂപം? അങ്ങ് ദുരെ ഒരു ബസ്സിനരികിൽ ചുവന്ന കുപ്പായമിട്ട ഒരു രൂപം അയാളുടെ കണ്ണുകളിൽ പതിഞ്ഞു. വീണ്ടും നിരാശയാവും ഫലമെന്നോർത്തു അയാൾ പിന്മാറി. തനിക്കു ബസിലേക്ക് മടങ്ങേണ്ട സമയമായി എന്ന് ബോധ്യമായതിനാൽ അയാൾ ബോട്ടിംഗ് മതിയാക്കി.

സമയം ആറരയായിരിക്കുന്നു. എല്ലാവരും വണ്ടിയിലേക്ക് കയറിക്കഴിഞ്ഞു. അയാൾക്ക്‌ ജനാലക്കരികിലുള്ള ഒരു സീറ്റാണ് കിട്ടിയത്. വിദൂരതയിലേക്ക് കണ്ണും നട്ടു ഒരു നിരാശാകാമുകനെപ്പോലെ യൂക്കാലിപ്റ്റസ് മരങ്ങളെയും നോക്കികൊണ്ടയാളിരുന്നു. പെട്ടന്ന് തൊട്ടരികിൽ കൂടി പോകുന്ന ബസ്സിൽ നിന്നും ആരോ തന്നെ ശ്രെദ്ധിക്കുന്നുണ്ടെന്നയാൾക്കു തോന്നി. ഒരുപക്ഷെ ചുവന്ന ആ… ആ രൂപമായിരിക്കുമോ? ഹേയ് ആയിരിക്കില്ല. ഒരിക്കലുമായിരിക്കില്ല. ആ ബസ്സ് വിദൂരത്തിലേക്കു മറയുന്നതും നോക്കിയിരുന്ന അയാൾ തന്റെ ബസ്സ് സ്റ്റാർട്ട്‌ ചെയ്തു ഏറെ ദൂരം പിന്നിട്ട കാര്യം ശ്രദ്ധിച്ചില്ല. അയാൾ വീണ്ടുമുറക്കത്തിലേക്കു വീഴുകയായി. ഉറക്കം! ശാന്തമനോഹരസുന്ദരസുരഭിലമായ ദൈവികവികാരം.



Leave a Reply